തെക്കന്‍ ബ്രസീലില്‍ പത്തു ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ച് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനം. ഇതുവരെ 107 പേര്‍ മരിക്കുകയും 136 പേരെ കാണാതാവുകയും ചെയ്ത വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് വകുപ്പ് അറിയിച്ചു. ബ്രസീലിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ഈയടുത്ത ദിവസങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റിനെത്തുടര്‍ന്ന് 1,64,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.വെള്ളപ്പൊക്കത്തില്‍ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായതിനാല്‍ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 372 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ 497 നഗരങ്ങളില്‍ 417-ലുമായി രണ്ടു ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്