കഴിഞ്ഞ വര്‍ഷം ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ നടന്ന വന്‍ സ്വര്‍ണകടത്ത് കേസിലെ പ്രതിയായ ഒന്റാരിയോ സ്വദേശി അറസ്റ്റിലായതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു. കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ
സ്വര്‍ണ കവര്‍ച്ചയാണിത്. സംഭവത്തിന് ശേഷം പ്രതി ബ്രാംപ്ടണില്‍ നിന്നുള്ള അര്‍ച്ചിത് ഗ്രോവര്‍(36) ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാനത്തില്‍ തിങ്കളാഴ്ച ടൊറന്റോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഗ്രോവറിനെ വിവരമറിഞ്ഞെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ആറാമത്തെ അറസ്റ്റാണ് ഗ്രോവറിന്റെത്. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. കവര്‍ച്ച, മോഷണം നടത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഗ്രോവറിനെതിരെ ചുമത്തിയിട്ടുണ്ട്. തോക്കുകളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് അമേരിക്കയിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 നായിരുന്നു പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ എത്തിയ എയര്‍ കാനഡയുടെ കണ്ടെയ്‌നറില്‍ 20 മില്യണ്‍ ഡോളറിലധികം വില വരുന്ന സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും മോഷണസംഘം കവര്‍ന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ഗോ ഇവര്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കുകയായിരുന്നു. കേസില്‍ രണ്ട് ഇന്ത്യന്‍ വംശജരും അറസ്റ്റിലായിട്ടുണ്ട്.