ഈസ്‌റ്റേണ്‍ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ വില്ലന്‍ ചുമ(whooping cough) പടരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ ഈ മേഖലയില്‍ 42 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹെല്‍ത്ത് അതോറിറ്റി പറയുന്നു. വില്ലന്‍ ചുമ കൂടുതലായും കുട്ടികളെയാണ് ബാധിക്കുന്നത്. പ്രവിശ്യയില്‍ രണ്ട് മാസം മുതല്‍ 89 വയസ്സ് വരെയുള്ളവരില്‍ വില്ലന്‍ ചുമ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ രോഗബാധ വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു.
ഈ വര്‍ഷം പ്രവിശ്യയിലുടനീളം 50 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാണമെന്ന് പൊതുജനങ്ങളോട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
ആഗോളതലത്തില്‍ പല രാജ്യങ്ങളിലും വില്ലന്‍ ചുമ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യുകെ, അമേരിക്ക എന്നിവടങ്ങളില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ചൈന, ഫിലിപ്പൈന്‍സ്, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വില്ലന്‍ ചുമ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പെര്‍ട്രൂസിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വൂപ്പിംഗ് കഫ് അഥവാ വില്ലന്‍ ചുമ നേരത്തെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതും ജീവന്‍ വരെ കവരാവുന്നതാണ്. കുട്ടികള്‍ക്കും ശിശുക്കള്‍ക്കും പ്രത്യേകിച്ചും ഇത് മാരകമാകാം.