ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ കാനഡയിലെത്തിയത് സ്റ്റുഡന്റ് വീസയിലെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ബതിന്‍ഡയിലുള്ള എത്തിക്‌വര്‍ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് വഴി വീസ അപേക്ഷ സമര്‍പ്പിച്ചുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റുഡന്റ് വിസ ലഭിച്ചുവെന്നും പ്രതിയായ കരണ്‍ ബ്രാര്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട് കമല്‍പ്രീത് സിംഗ്(22), കരണ്‍ ബ്രാര്‍(28), കരണ്‍പ്രീത് സിംഗ്(28) എന്നിവരെയാണ് എഡ്മന്റണില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതികള്‍ എങ്ങനെ കാനഡയില്‍ എത്തി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് മൂന്ന് വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയില്‍ കരണ്‍ ബ്രാര്‍ കാനഡയില്‍ എത്തിയതായി സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. കരണ്‍ 2020 ഏപ്രില്‍ 30 ന് കാല്‍ഗറിയിലെ ബോ വാലി കോളേജില്‍ പഠിക്കാന്‍ തുടങ്ങിയെന്നും 2020 മെയ് 4 ന് എഡ്മന്റണിലേക്ക് മാറിയെന്നും കരണിന്റെ ഫെയ്‌സ്ബുക്ക് പേജ് വ്യക്തമാക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വര്‍ധനവിന് ആക്കം കൂട്ടിയ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയില്‍,അറസ്റ്റ് പ്രതികളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു.