ഒരുപാട് തര്‍ക്കങ്ങളും വിമര്‍ശനങ്ങളും വാഗ്വാദങ്ങളും ഉണ്ടായെങ്കിലും കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം പോസിറ്റീവായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ. ഫോറിന്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ മോണ്‍ട്രിയല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ ആര്‍സിഎംപി അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യ പരസ്യ പ്രസ്താവനയാണിത്. കേസിനെ ആഭ്യന്തര കുറ്റകൃത്യങ്ങളുമായി വര്‍മ ബന്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നും ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമായി വേര്‍പെടുത്താമെന്ന സിഖ് സമൂഹത്തിന്റെ ആഹ്വാനം ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ സുരക്ഷയുടെ ഭാഗമായി കാണുന്ന റെഡ് ലൈന്‍ ഭേദിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് വിദേശികളല്ല, ഇന്ത്യന്‍ പൗരന്മാരാണെന്നും അദ്ദേഹം വ്യക്തമാക്കി.