മയക്കുമരുന്ന് കടത്ത് സംഘ തലവന്‍ ഹാര്‍പ്പ് ഉപ്പലിനെയും അദ്ദേഹത്തിന്റെ 11 വയസ്സുള്ള മകന്‍ ഗാവിനെയും എഡ്മന്റണ്‍ ഗ്യാസ് സ്‌റ്റേഷനില്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഹോമിസൈഡ് ഡിറ്റക്റ്റീവുകള്‍ അന്വേഷണം തുടരുന്നു. ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് ഉപ്പലെന്ന് എഡ്മന്റണ്‍ പോലീസ് സ്ഥിരീകരിച്ചു. ഹെല്‍സ് ഏഞ്ചല്‍സിന്റെ ഉപവിഭാഗമായ ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്ന ബീസി ആസ്ഥാനമായുള്ള സംഘവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതൊരു ദക്ഷിണേഷ്യന്‍ ഗ്രൂപ്പാണെന്നാണ് സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി പ്രൊഫസറായ ഡോ. റോബ് ഗോര്‍ഡന്‍ പറയുന്നത്. ഉപ്പലിന്റെയും മകന്റെയും കൊലപാതകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ ബാക്കിയാണെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.
ബീസി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. തങ്ങളുടെ മയക്കുമരുന്ന് വിപണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സംഘര്‍ഷങ്ങള്‍ മിക്കതും ഉണ്ടാകുന്നതെന്ന് ഗോര്‍ഡന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളുടെ അക്രമങ്ങളെ നേരിടാന്‍ ഈ വര്‍ഷം പ്രവിശ്യ ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക്(ALERT) കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഗ്യാങ് സപ്രഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു.
ഉപ്പലിന്റെ കൊലപാതകത്തിന് ശേഷം എഡ്മന്റണ്‍ പോലീസ് മറ്റ് വെടിവയ്പ്പുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.