സൈബര്‍ സുരക്ഷയില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഫാര്‍മസി റീട്ടെയ്ല്‍ ശൃംഖലയായ ലണ്ടന്‍ ഡ്രഗ്‌സ് വെസ്റ്റേണ്‍ കാനഡയിലെ 79 ഓളം ലൊക്കേഷനുകള്‍ ഞായറാഴ്ച അടച്ചുപൂട്ടിയതായി സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. വൈകിട്ട് 5 മണിക്ക് സൈബര്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ ലൊക്കേഷനുകളും താല്‍ക്കാലികമായി അടച്ചിടുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
സൈബര്‍ ആക്രമണത്തില്‍ ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ വ്യക്തിഗത വിവരങ്ങളോ മറ്റ് രേഖകളോ ചോര്‍ന്നിട്ടില്ലെന്ന് ലണ്ടന്‍ ഡ്രഗ്‌സ് അറിയിച്ചു. സൈബര്‍ ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. ഇനിയൊരു പ്രശ്‌നം ഇല്ലാതിരിക്കാന്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നതായും ഫോറന്‍സിക് അന്വേഷണം നടത്തുന്നതായും കമ്പനി അറിയിച്ചു.
അടിയന്തരമായി മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റുകള്‍ സ്റ്റാന്‍ഡ്‌ബൈയിലുണ്ടെന്നും മരുന്നുകള്‍ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ പ്രാദേശിക സ്‌റ്റോറിന്റെ ഫാര്‍മസിയിലേക്ക് വിളിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാമെന്നും ലണ്ടന്‍ ഡ്രഗ്‌സ് നിര്‍ദ്ദേശിച്ചു.