ടൊറന്റോയില്‍ ഒരു ജോബ് ഫെയറില്‍ പങ്കെടുക്കാനുള്ള യുവാക്കളുടെ നീണ്ട നിരയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. നഗരത്തിലെ മത്സരാധിഷ്ഠിത തൊഴില്‍ വിപണി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, പാര്‍പ്പിട പ്രതിസന്ധി എന്നിവയെക്കുറിച്ചെല്ലാമുള്ള ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ദൃശ്യങ്ങള്‍. വുഡ്‌ബൈന്‍ ബീച്ചിന് സമീപം മെഡിറ്ററേനിയന്‍ സീഫുഡ് റെസ്റ്റോറന്റായ ടൊറന്റോ ബീച്ച് ക്ലബിലാണ് തിരക്കേറിയ തൊഴില്‍മേള നടന്നത്. സെര്‍വിംഗ്, ബാര്‍ബക്ക്, സെര്‍വര്‍ അസിസ്റ്റന്റ്, ഹോസ്റ്റ്, ലൈന്‍ കുക്ക്, പ്രെപ്പ് കുക്ക്, മാനേജ്‌മെന്റ് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഇന്റര്‍വ്യൂ ആണ് നടന്നതെന്ന് റെസ്റ്റോറന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
നാലായിരം പേരാണ് ഓണ്‍ലൈനില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തതെന്നും, ഇന്റര്‍വ്യൂവിനായി എത്തിയത് ആയിരം പേരാണെന്നും വക്താവ് വിശദീകരിച്ചു.
നഗരത്തിലെ വിപണിയില്‍ തൊഴിലന്വേഷകര്‍ അഭിമുഖീകരിക്കുന്ന നിലവിലെ വെല്ലുവിളികളെക്കുറിച്ച് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം വ്യക്തമാക്കിയത്.