ആല്‍ബെര്‍ട്ടയില്‍ വീട് വാങ്ങാന്‍ തങ്ങള്‍ക്ക് രണ്ടാമതൊരു ജോലി കൂടി ആവശ്യമാണെന്ന് ഭൂരിഭാഗം പേരുടെ പ്രതികരണം 

By: 600002 On: Apr 24, 2024, 12:06 PM

 

 

ആല്‍ബെര്‍ട്ടയില്‍ ഭവന വിപണി കുതിച്ചുയരുകയാണ്. കൂടാതെ താമസക്കാര്‍ ചെലവ് നികത്താന്‍ പാടുപെടുകയാണ്. ഇതിനിടയില്‍ പ്രവിശ്യയില്‍ ഒരു വീട് വാങ്ങിക്കണമെങ്കില്‍ രണ്ടാമതൊരു ജോലി കൂടി ആവശ്യമായി വരുമെന്ന അഭിപ്രായമാണ് ജനങ്ങളില്‍ ഭൂരിഭാഗം പേരും പങ്കുവയ്ക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വിപണിയില്‍ വീട് വാങ്ങിക്കുന്നതിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ ഹോം ഓണര്‍ഷിപ്പ് പോളില്‍ പറയുന്നു. 

ഒരു കോണ്ടോ അപ്പാര്‍ട്ട്‌മെന്റോ വീടോ വാങ്ങുന്നത് നല്ല നിക്ഷേപമാണെന്ന് 65 വയസ്സിന് താഴെയുള്ള കനേഡിയന്‍ പൗരന്മാര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ല്‍ വീട് മികച്ച നിക്ഷേപമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം 60 ശതമാനമായി ഉയര്‍ന്നു. മിക്ക ആളുകളും ഇതൊരു പ്രായോഗിക തീരുമാനമാണെന്ന് സമ്മതിച്ചു. 64 ശതമാനം പേരും പറയുന്നത് സ്വന്തം വീട് എന്നത് എല്ലായ്‌പ്പോഴും ഒരു സ്വപ്‌നമാണ് എന്നാണ്. 

പ്രതികരിച്ചവരില്‍ ഭൂരിഭാഗവും(57 ശതമാനം) തങ്ങള്‍ക്ക് വീട് വാങ്ങണമെങ്കില്‍ രണ്ടാമതൊരു ജോലി ആവശ്യമാണെന്ന് പറയുന്നു. 27 ശതമാനം പേര്‍ പറയുന്നത് അവര്‍ക്ക് വീട് വാങ്ങുന്നത് വരെയുള്ള കൂടുതല്‍ കാലം മാതാപിതാക്കളോടൊപ്പം ജീവിക്കേണ്ടി വരുമെന്നാണ്. ഒരു വീട് വാങ്ങുന്നതിന് തങ്ങളുടെ ചെലവുകളും സാമ്പാദ്യ ശീലങ്ങളും പുന:പരിശോധിക്കണമെന്ന് 45 ശതമാനം പേര്‍ പറയുന്നുവെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.