ഇന്ത്യയിലുടനീളം 4,400 കിലോമീറ്ററിലധികം ദൂരം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് വൈറലായി മാറിയിരിക്കുകയാണ് കാല്‍ഗറി സ്വദേശികളായ ദമ്പതികള്‍. ഹെതര്‍ വിക്‌സ്റ്റഡ്, മാത്യു ഡോ എന്നിവരാണ് ലോക്കല്‍ യൂത്ത് ബൈസിക്കിള്‍ പ്രോഗ്രാമിന് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ദമ്പതികള്‍ ദൗത്യത്തിന് പുറപ്പെട്ടത്. ഇന്ത്യയിലെ തെരുവുകളിലൂടെയും, ഗ്രാമങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, നഗരങ്ങളിലൂടെയും വിക്സ്റ്റഡും ഡോവും സഞ്ചരിച്ചു. Reason2Roam എന്ന ഓണ്‍ലൈന്‍ ബ്ലോഗിലൂടെ യാത്രകളും അനുഭവക്കുറിപ്പുകളും പങ്കുവെച്ച് പ്രശസ്തരായ ദമ്പതികളാണിവര്‍.
ഏപ്രില്‍ 6 മുതല്‍ 20 വരെയാണ് റിക്ഷാ റണ്‍ എന്ന പേരില്‍ ഇന്ത്യയിലൂടനീളം സഞ്ചരിച്ചത്. രാജ്യത്തിന്റെ വടക്ക് ഷില്ലോങില്‍ നിന്ന് ആരംഭിച്ച് തെക്ക് ഫോര്‍ട്ട്‌കൊച്ചിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു യാത്ര. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷയിലാണ് ഇരുവരും സഞ്ചരിച്ചത്. കാല്‍ഗറിയിലെ യുവാക്കള്‍ക്കായി സൈക്കിള്‍ പ്രോഗ്രാമുകള്‍ നടത്തുന്ന Two Wheel View വിനായി യാത്രയിലൂടെ ഇവര്‍ പണം ശേഖരിച്ചു.
ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിക്സ്റ്റഡ് പറയുന്നു. റോഡുകളില്‍ ആടുകളും പശുക്കളും ചിലപ്പോള്‍ മനുഷ്യരും വരെ നില്‍ക്കുന്നുണ്ടാകാം. വളരെ ശ്രദ്ധാപൂര്‍വ്വം സുരക്ഷിതമായാണ് റിക്ഷ ഓടിച്ചതെന്ന് ഇരുവരും പറയുന്നു. എന്നാല്‍ വഴിയിലുടനീളം തങ്ങളെ സഹായിച്ച ആളുകളാണ് തങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കിയതെന്ന് വിക്സ്റ്റഡ് പറഞ്ഞു.
റിക്ഷാ റണ്‍ ഇന്ത്യ പരിപാടിയില്‍ 70 ടീമുകളാണ് പങ്കെടുത്തത്. ഏകദേശം 168 പേര്‍ രാജ്യത്തുടനീളം പരിപാടിയില്‍ പങ്കെടുത്തു. പരിപാടിക്ക് ശേഷം വിക്സ്റ്റഡും ഡോയും പാമിര്‍ ഹൈവേയിലൂടെ സൈക്ലിംഗ് യാത്രയ്ക്കായി അസര്‍ബൈജാനിലേക്ക് യാത്ര തിരിക്കും.