ടൊറന്റോയുടെ പകുതിയോളം അയല്‍പ്രദേശങ്ങളിലും ശരാശരി ഭവന വില ഇതിനകം രണ്ട് മില്യണ്‍ ഡോളര്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റ് പ്രദേശങ്ങളിലും വില ഉടന്‍ തന്നെ ഈ നിരക്കിലേക്ക് എത്തുമെന്നാണ് റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിംഗ് വെബ്‌സൈറ്റ് Zoocasa യുടെ റിപ്പോര്‍ട്ട്. 2034 ഓടെ എല്ലാ പ്രദേശങ്ങളിലും ഈ നിരക്കിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിരക്ക് വര്‍ധനയില്‍ വീട്ടുടമസ്ഥര്‍ മാത്രമല്ല, വാടകക്കാരും പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. 2016 നും 2021 നും ഇടയില്‍ ഒന്റാരിയോയിലെ ശരാശരി വാടക നിരക്ക് ഏകദേശം 30 ശതമാനത്തോളം ഉയര്‍ന്നു. ടൊറന്റോയിലെ ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് നിലവില്‍ പ്രതിമാസം 3,000 ഡോളറിന് മുകളിലാണ് നിരക്ക്. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പോള്‍ നടത്തിയ റിപ്പോര്‍ട്ട് ഈയിടെ വാടകക്കാരില്‍ 60 ശതമാനവും നഗരം ഉപേക്ഷിക്കുന്നത് ഗൗരവമായി ആലോചിക്കുന്നതായി കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ഉടമകളല്ലാത്തവരില്‍ ഒരാള്‍ ഇപ്പോള്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ റിയല്‍ എസ്‌റ്റേറ്റിന്റെ ഉയര്‍ന്ന ചെലവ് കാരണം താങ്ങാനാവുന്നില്ലെന്നും പറയുന്നു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വീടുകളുടെ വില കുറച്ചെങ്കിലും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതികരിച്ചവരില്‍ 52 ശതമാനം പറഞ്ഞു. എങ്കിലും ഉയരുന്ന ഭവന വിലയും ജീവിതച്ചെലവും ടൊറന്റോയില്‍ നിന്നും കുടിയൊഴിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.