മിസിസാഗയില്‍ 1.6 മില്യണ്‍ ഡോളര്‍ വരുന്ന മോഷ്ടിച്ച 22 വാഹനങ്ങള്‍ കണ്ടെടുത്തു; കാര്‍ റെന്റല്‍ ഏജന്‍സി ഉടമകളെ അറസ്റ്റ് ചെയ്തു
ഏകദേശം 1.6 മില്യണ്‍ ഡോളര്‍ വില വരുന്ന 22 ഓളം മോഷ്ടിച്ച വാഹനങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വിപുലമായ തട്ടിപ്പ് സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പീല്‍ റീജിയണല്‍ പോലീസ്. മോഷണവുമായി ബന്ധപ്പെട്ട് മിസിസാഗ കാര്‍ റെന്റല്‍ ഏജന്‍സി ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. 2023 ല്‍ മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനങ്ങള്‍ കണ്ടെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും. മിസിസാഗ സ്വദേശികളായ ടാമര്‍ എല്‍ ഗമാല്‍(46), മുഹമ്മദ് എല്ഡ ഗമാല്‍(38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച വാഹനങ്ങള്‍ ഏജന്‍സി വാടകയ്ക്ക് നല്‍കുകയും വീണ്ടും ഇത് മോഷ്ടിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. ക്ലയ്ന്റുകള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന നിരവധി റീ-വിന്‍ഡ് വാഹനങ്ങള്‍ ഏജന്‍സി ഓപ്പറേറ്റര്‍മാര്‍ കൈവശം വെച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ കമ്പനികളിലൂടെയും കോര്‍പ്പറേഷനുകളിലൂടെയും ഈ വാഹനങ്ങള്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
റെന്റല്‍ കോണ്‍ട്രാക്റ്റ് സമയത്ത് റെസിഡന്‍ഷ്യല്‍ ഡ്രൈവ്‌വേകളില്‍ നിന്ന് റെന്റര്‍ കാര്‍ മോഷ്ടിക്കുന്നു. തുടര്‍ന്ന് വാടകയ്‌ക്കെടുത്തയാളില്‍ നിന്നും റെന്റല്‍ ഏജന്‍സി ഇന്‍ഷുറന്‍സ് ഈടാക്കുന്നു. മോഷ്ടിച്ച വാഹനം വീണ്ടും റെന്റല്‍ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലാണ് ഏജന്‍സി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.