താല്‍ക്കാലിക കുടിയേറ്റം നിയന്ത്രണ വിധേയമാക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Apr 3, 2024, 11:00 AM

 


രാജ്യത്തേക്ക് വരുന്ന താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ജനസംഖ്യയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോവ സ്‌കോഷ്യയിലെ ഡാര്‍ട്ട്മൗത്തില്‍ ഹൗസിംഗ് അനൗന്‍സ്‌മെന്റിനിടയിലാണ് ട്രൂഡോ ഇക്കാര്യം വിശദീകരിച്ചത്. 

താല്‍ക്കാലിക വിദേശ തൊഴിലാളികളായാലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായാലും കാനഡയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളാണ് നിലവില്‍ രാജ്യത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില കണക്കുകളും അദ്ദേഹം നിരത്തി. 2017 ല്‍ കാനഡയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം താല്‍ക്കാലിക കുടിയേറ്റക്കാരായിരുന്നു. ഇപ്പോള്‍ ജനസംഖ്യയുടെ 7.5 ശതമാനവും താല്‍ക്കാലിക കുടിയേറ്റക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നിയന്ത്രണവിധേയമാക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. 

താല്‍ക്കാലിക താമസക്കാരെ കുറയ്ക്കാനും താല്‍ക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനും പദ്ധതിയിടുന്നതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക് മില്ലര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ പരിധി നിയന്ത്രിക്കുകയും പ്രവേശന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2023 ലെ 6.5 ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താമസക്കാരെ കുറയ്ക്കാനാണ് ലക്ഷ്യം.