കാല്‍ഗറി കമ്മ്യൂണിറ്റികളിലെ പുതിയ വീടുകളിലേക്ക് അതിക്രമിച്ച് കടന്നുള്ള മോഷണങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Apr 3, 2024, 10:30 AM

 


നഗരത്തില്‍ കമ്മ്യൂണിറ്റികളിലെ പുതിയ വീടുകള്‍ ലക്ഷ്യമാക്കിയുള്ള അതിക്രമങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചതായി കാല്‍ഗറി പോലീസ് മുന്നറിയിപ്പ് നല്‍കി. കാല്‍ഗറിയിലുടനീളമുള്ള കമ്മ്യൂണിറ്റികളില്‍, പ്രത്യേകിച്ച് ബെല്‍വെഡെറെയിലെ സൗത്ത്ഈസ്റ്റ് കമ്മ്യൂണിറ്റിയില്‍ പുതിയ വീടുകളിലും നിര്‍മാണത്തിലിരിക്കുന്ന വീടുകളിലും അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. 

വീടുകളില്‍ കടക്കുന്ന മോഷ്ടാക്കള്‍ വീട്ടുപകരണങ്ങള്‍, ഇലക്ട്രിക് ബോക്‌സുകള്‍, സൈഡിംഗ്, വാതിലുകള്‍, മറ്റ് നിര്‍മാണ് സാമഗ്രികള്‍ എന്നിവ മോഷ്ടിക്കുന്നതായി പോലീസ് പറയുന്നു. മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പുതിയ വീടുകളുടെയും നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെയും ഉടമകളോട് പോലീസ് ആവശ്യപ്പെട്ടു. 

തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലീസ് ഉടമകളോട് നിര്‍ദ്ദേശിച്ചു. രാത്രി 9 മണിയോടെ വാതിലുകളും ജനലുകളും അടയ്ക്കുക, സെക്യൂരിറ്റി ഡോര്‍ബെല്‍ ക്യാമറകള്‍, അലാറം സിസ്റ്റങ്ങള്‍, എക്‌സ്റ്റീരിയര്‍ മോഷന്‍ ലൈറ്റുകള്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യാനും പോലീസ് നിര്‍ദ്ദേശിച്ചു. 

പുതിയ വീടുകളില്‍ സംഭവിക്കുന്ന ബ്രേക്ക് ആന്‍ഡ് എന്ററുകളെക്കുറിച്ചും മോഷണങ്ങളെക്കുറിച്ചും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.