ഏപ്രില്‍ 8 ന് നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷിയാകാന്‍ വടക്കേ അമേരിക്ക തയാറെടുക്കുമ്പോള്‍ ഈസ്‌റ്റേണ്‍ കാനഡയിലും സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യഗ്രഹണ സമയത്തുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കാനായി സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ക്ലാസുകള്‍ റദ്ദാക്കുകയോ നേരത്തെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി കുട്ടികളെ വീടുകളിലേക്ക് വിടുകയോ ചെയ്യുമെന്ന് അറിയിച്ചു. സൂര്യഗ്രഹണ സമയത്ത് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുമെന്ന് സ്‌കൂള്‍ ബോര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സൂര്യഗ്രഹണ സമയത്ത് കുട്ടികള്‍ നേരിട്ട് സൂര്യനെ നോക്കുന്നത് കണ്ണുകള്‍ക്ക് കേടുപാട് സംഭവിക്കാന്‍ കാരണമാകും. മാത്രവുമല്ല, ഉച്ചകഴിഞ്ഞ് സൂര്യഗ്രഹണ സമയത്ത് ഇരുട്ട് വ്യാപിക്കുമെന്നതിനാല്‍ ഗതാഗതവും ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നു. ഏകദേശം 200 കിലേമീറ്റര്‍ വിസ്തൃതിയുള്ള ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ പൂര്‍ണമായി തടയുന്നു. ഒന്റാരിയോ, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക്, നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവടങ്ങളില്‍ സൂര്യഗ്രഹണം വീക്ഷിക്കാന്‍ സാധിക്കും. ഇത് രണ്ട് മണിക്കൂറിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പൂര്‍ണ ഗ്രഹണം ഒന്ന് മുതല്‍ മൂന്ന് മിനിറ്റ് വരെ മാത്രമേ നീണ്ടുനില്‍ക്കൂ.
സൂര്യഗ്രഹണം സംബന്ധിച്ച് മുന്നറിയിപ്പ് കത്ത് എല്ലാ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ ബോര്‍ഡുകള്‍ അയച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം വീക്ഷിക്കുന്നത് അപകടമുണ്ടാക്കുമെന്നും കണ്ണിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കുമെന്നും ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറുടെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.