അപകടകരമായ രാസവസ്തു ഫിനോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രത്യേക മൈലാഞ്ചി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ. ചില ഹെന്ന കോണ്‍ പ്രൊഡക്റ്റുകള്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഷക്കീല്‍ ഭായ് മെഹന്ദി വാലി-സ്‌പെഷ്യല്‍ ബ്രൈഡല്‍ ഹെന്ന കോണ്‍, ഷക്കീല്‍ ഭായ് മെഹന്ദി വാലി- അല്‍മാസ് ഹെന്ന കോണ്‍, ഷക്കീല്‍ ഭായ് മെഹന്ദി വാലി- ഒറിജിനല്‍ സ്‌പെഷ്യല്‍ സീനത്ത് ഹെന്ന കോണ്‍ എന്നിവ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പടുന്നു. ഇവയില്‍ കാനഡ കോസ്മറ്റിക് ഇന്‍ഗ്രേഡിയന്റ് ഹോട്ട്‌ലിസ്റ്റിലെ നിരോധിത ഘടകമായ ഫിനോളിന്റെ സാന്നിധ്യമുണ്ടെന്ന് ഹെല്‍ത്ത് കാനഡ കണ്ടെത്തി.
ഫിനോള്‍ അടങ്ങിയ ഉല്‍പ്പന്നം ചര്‍മത്തിലാകുന്നത് അപകടകരമാണ്. ഇത് കെമിക്കല്‍ ബേണിന് കാരണമാകും. കൂടാതെ, ചുവപ്പ് നിറം, ചൊറിച്ചില്‍, വേദന, ചര്‍മത്തില്‍ കുമിളയുണ്ടാകല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഹെല്‍ത്ത് കാനഡ അറിയിക്കുന്നു.
മുമ്പ് 2017 ഏപ്രില്‍ 11, 2017 മെയ് 25, 2018 മെയ് 2 തീയതികളില്‍ ഷക്കീല്‍ ഭായ് മെഹന്ദി വാലി സ്‌പെഷ്യല്‍ ബ്രൈഡല്‍ കോണ്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചിരുന്നു. തിരിച്ചുവിളിച്ച ഉല്‍പ്പന്നം ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ അവ ഗാര്‍ബേജില്‍ കളയാന്‍ ഏജന്‍സി നിര്‍ദ്ദേശം നല്‍കി. വില്‍പ്പനക്കാര്‍ക്ക് ഉല്‍പ്പന്നം വില്‍ക്കാതെ കടകളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി.