ആരോഗ്യ പരിചരണ സംവിധാനത്തില്‍ ഫാമിലി ഡോക്ടറുടെ ലഭ്യത അടിസ്ഥാനമാക്കി പത്ത് ഹൈ-ഇന്‍കം രാജ്യങ്ങളുടെ പട്ടികയില്‍ കാനഡ അവസാന സ്ഥാനത്ത്. കോമണ്‍ വെല്‍ത്ത് ഫണ്ടിന്റെ(CMWF) ഭാഗമായുള്ള ഒരു സ്വകാര്യ അമേരിക്കന്‍ റിസര്‍ച്ച് ഗ്രൂപ്പാണ് സര്‍വേ നടത്തി പട്ടിക തയാറിക്കിയിരിക്കുന്നത്. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആണ് സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പ്രൈമറി കെയര്‍ പ്രൊവൈഡറിലേക്കുള്ള ആക്‌സസ് റിപ്പോര്‍ട്ട് ചെയ്ത 18 വയസ്സും അതില്‍ കൂടുതലുമുള്ള കനേഡിയന്‍ പൗരന്മാരുടെ അനുപാതം 2016 ലെ 93 ശതമാനത്തില്‍ നിന്നും 2023 ല്‍ 86 ശതമാനമായി കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 18 വയസില്‍ കൂടുതലുള്ള നാല് മില്യണ്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, പത്ത് രാജ്യങ്ങളുടെ CMWF ശരാശരി 93 ശതമാനമാണ്. നെതര്‍ലന്‍ഡ്‌സ്(99 ശതമാനം), ന്യൂസിലന്‍ഡ്(97 ശതമാനം), യുകെ(97 ശതമാനം), ജര്‍മ്മനി(96 ശതമാനം), ഓസ്‌ട്രേലിയ( 94 ശതമാനം) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
കാനഡയിലെ താഴ്ന്ന വരുമാനക്കാരായ യുവാക്കള്‍ക്ക്( 18 മുതല്‍ 34 വയസ്സ് വരെ), പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ഡോക്ടര്‍മാരെ ആക്‌സസ് ചെയ്യാന്‍ സാധിക്കാറില്ലെന്ന് സര്‍വേയില്‍ പറയുന്നു. പ്രൈമറി കെയര്‍ പ്രൊവൈഡറുടെ അഭാവം വ്യക്തികളുടെയും ജനങ്ങളുടെ മുഴുവനും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈമറി ഹെല്‍ത്ത് കെയറിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ആരോഗ്യ സംരക്ഷണം മികവുറ്റതാക്കുകയും അത്യാഹിത വിഭാഗ സന്ദര്‍ശനങ്ങളും ആശുപത്രിവാസങ്ങളും കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.