ട്രാഫിക് ലംഘനത്തിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന ടെക്സ്റ്റ് മെസേജ് വ്യാജമായിരിക്കുമെന്ന് ഐസിബിസി. ഒരിക്കലും ട്രാഫിക് ടിക്കറ്റ് അടയ്ക്കാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ് മെസേജ് വരില്ലെന്ന് ഐസിബിസി വ്യക്തമാക്കി. പ്രവിശ്യാ സര്‍ക്കാരില്‍ നിന്നും വാന്‍കുവര്‍ സിറ്റിയില്‍ നിന്നും സമാനമായി ടെക്സ്റ്റ് മെസേജുകള്‍ ജനങ്ങള്‍ക്ക് അയക്കാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടെക്സ്റ്റ് മെസേജ് അഴിമതികളെക്കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രാഫിക് ലംഘനത്തെക്കുറിച്ചുള്ള ടെക്സ്റ്റ് മെസേജ് ലഭിക്കുകയാണെങ്കില്‍ അത് ഒരു തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും മെസേജ് അവഗണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ വേണമെന്ന് ഐസിബിസി അറിയിച്ചു.
ട്രാഫിക് ലംഘന പിഴകളെക്കുറിച്ചോ പേയ്‌മെന്റ് റിക്വസ്റ്റുകള്‍ സംബന്ധിച്ചോ തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാറില്ലെന്ന് ഐസിബിസി വ്യക്തമാക്കി. ഫെഡറല്‍ സര്‍ക്കാരിന്റെ ഗെറ്റ് സൈബര്‍ സേഫ് പ്രോഗ്രാം വഴി വ്യാജ ടെക്‌സ്റ്റ് ലഭിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ബീസി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.