സറേയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പരിപാടിക്കിടെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധ പ്രകടനം

By: 600002 On: Mar 4, 2024, 9:38 AM

 

ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാത്രി ഗില്‍ഡ്‌ഫോര്‍ഡിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന സറേ ബോര്‍ഡ് ഓഫ് ട്രേഡ് പ്രോഗ്രാമില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുത്തത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാറായിരുന്നു. പരിപാടിയ്ക്കിടെ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലോവര്‍ മെയിന്‍ലാന്‍ഡിലെ സിഖ് സമുദായത്തിലെ നൂറുകണക്കിന് അംഗങ്ങളാണ് ഹോട്ടലിന് സമീപം തടിച്ചുകൂടിയത്. 

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് തങ്ങള്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാരിലൊരാളായ ഗുരു നാനാക്ക് ഗുരുദ്വാരയുടെ ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ ഹോത്തി പറഞ്ഞു. പ്രതിഷേധം സമാധാനപരമായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ പ്രകടനക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി. പരിപാടി നടക്കുന്ന കെട്ടിടത്തിന് അകത്തും പുറത്തും സറേ ആര്‍സിഎംപി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.