ബ്രിട്ടീഷ് കൊളംബിയയിലെ അക്യൂട്ട് കെയര്‍ ഫെസിലിറ്റികളില്‍ ആറ് ഹെല്‍ത്ത്-കെയര്‍ സെറ്റിംഗ്‌സുകള്‍ക്കായി നഴ്‌സ്-പേഷ്യന്റ് അനുപാതം നടപ്പിലാക്കി. ഇത്തരത്തില്‍ നഴ്‌സ്-പേഷ്യന്റ് അനുപാതം നടപ്പിലാക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയാണ് ബീസി. ഉദാഹരണത്തിന് മുതിര്‍ന്നവര്‍ക്കുള്ള മെഡിക്കല്‍, ശസ്ത്രക്രിയാ യൂണിറ്റുകളില്‍ ഓരോ നാല് രോഗികള്‍ക്കും ഒരു നഴ്‌സ് എന്ന അനുപാതവും ഹൈ-ആക്വിറ്റി യൂണിറ്റുകളില്‍ രണ്ട് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതവും നടപ്പിലാക്കുന്നു.
നഴ്‌സുമാരെ നിലനിര്‍ത്താനും കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും സഹായിക്കുന്നതിന് 237 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രവിശ്യ ഡാറ്റ പ്രകാരം 2023 ല്‍ ബീസിയില്‍ 6,567 നഴ്‌സുമാര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ഈ അനുപാതങ്ങള്‍ പാലിക്കുന്നതിന്, തങ്ങളുടെ നിലവിലുള്ള നഴ്‌സ് വര്‍ക്ക്‌ഫോഴ്‌സിനെ നിലനിര്‍ത്താനും ബീസിയുടെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ സമ്പന്നവും പ്രതിഫലദായകവുമായ ജീവിതം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി നഴ്‌സുമാരെ പിന്തുണയ്ക്കാനും കൂടുതല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും വലിയ നിക്ഷേപം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് പറഞ്ഞു.
പ്രവിശ്യയിലേക്ക് പുതിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ബോണസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ ബീസിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വടക്കന്‍ പ്രദേശങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ സമ്മതമുള്ള നഴ്‌സുമാര്‍ക്ക് 30,000 ഡോളര്‍ അല്ലെങ്കില്‍ മറ്റ് ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിന് 20,000 ഡോളറാണ് വേതനം വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ട്രാവല്‍ നഴ്‌സ് പ്രോഗ്രാമായ GoHealth BC യില്‍ രണ്ട് വര്‍ഷം സേവനമനുഷ്ഠിക്കാന്‍ തയാറുള്ള നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ 15,000 ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.