വിവാദമായ അറൈവ്കാന്‍ ആപ്ലിക്കേഷന്റെ(Arrivecan Application) കോണ്‍ട്രാക്റ്റിംഗ്, ഡെവലപ്‌മെന്റ്, ഇംപ്ലിമെന്റേഷന്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി കാനഡ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി, കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി, പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് കാനഡ എന്നീ ഗവണ്‍മെന്റ് ഏജന്‍സികള്‍ ആപ്ലിക്കേഷന്‍ പ്രൊജക്ടിന്റെ രൂപകല്‍പ്പനയിലും മേല്‍നോട്ടത്തിലും ഉത്തരവാദിത്തത്തിലും മികച്ച മാനേജ്‌മെന്റ് രീതികള്‍ പിന്തുടരുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതായി എജി കാരെന്‍ ഹോഗന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് പാന്‍ഡെമിക് സമയത്ത് ജനങ്ങളുടെ സമ്പര്‍ക്ക വിവരങ്ങളും ആരോഗ്യ വിവരങ്ങളും ശേഖരിക്കുകയും അപകടസാധ്യതയുള്ളവര്‍ക്ക് ക്വാറന്റൈന്‍ നോട്ടീസ് നല്‍കുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലിലാണ് ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് സാങ്കേതിക തടസ്സങ്ങള്‍ വന്നതോടെ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദമായി. ഇതോടെ ആപ്ലിക്കേഷനെക്കുറിച്ച് പരിശോധിക്കാന്‍ 2022 നവംബര്‍ 2 ന് ഓഡിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി.
59.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് രൂപകല്‍പ്പന ചെയ്ത ആപ്പ് ചിലവിനൊത്ത മൂല്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആത്യന്തികമായി നിരവധി കനേഡിയന്‍ പൗരന്മാര്‍ ആപ്പിനായി പണം നല്‍കിയിട്ടുണ്ടെന്ന് കാരെന്‍ ഹോഗന്‍ പറഞ്ഞു.
ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളോടും ഏജന്‍സികളോടും അവരുടെ കരാറുകാരുമായുള്ള ആശയവിനിമയം പൂര്‍ണമായി രേഖപ്പെടുത്താനും നല്‍കിയ കരാറുകളില്‍ വ്യക്തമായ ഡെലിവറബിളുകള്‍ അറ്റാച്ച് ചെയ്യാനും ഉള്‍പ്പെടെ പരിഷ്‌കരണത്തിനായി ഹോഗന്‍ എട്ട് ശുപാര്‍ശകള്‍ നല്‍കി.