അക്രമാസക്തമായ ചില ഓണ്‍ലൈന്‍ ഗ്രൂപ്പകള്‍ യുവാക്കളെ അപകടത്തിലാക്കുന്നതായി മുന്നറിയിപ്പ് നല്‍കി കനേഡിയന്‍, അമേരിക്കന്‍ അതോറിറ്റികള്‍. സ്വയം ദ്രോഹിക്കാനും, മുറിവേല്‍പ്പിക്കാനും ആത്മഹത്യ ചെയ്യാന്‍ വരെ ഇത്തരം ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ യുവാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഇത് ഗൗരവമായി കാണേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. 764 എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. ഇതില്‍ ആകര്‍ഷകരായി അംഗങ്ങളാകുന്നവരെ സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനായി സമ്മര്‍ദ്ദം ചെലുത്തുന്നു. ഭീഷണിപ്പെടുത്തിയാണ് യുവതീയുവാക്കളെ കൊണ്ട് പല ഹീനപ്രവര്‍ത്തികളും ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു.
ദുര്‍ബലരായ പ്രായപൂര്‍ത്തിയാകാത്തവരെ ഇത്തരം ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ലക്ഷ്യം വെക്കുന്നതായി അധികാരികള്‍ പറയുന്നു. ഓണ്‍ലൈനില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുളച്ചുപൊന്തുന്ന ഇത്തരം അക്രമാസക്തമായ ഗ്രൂപ്പുകള്‍ സമൂഹത്തിന് വിപത്താണെന്നും രക്ഷിതാക്കള്‍ ജാഗ്രതയോടെയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും കെണിയില്‍ വീഴാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.