ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒന്റാരിയോ സര്‍ക്കാര്‍ ഫെഡറല്‍ സര്‍ക്കാരുമായി 3.1 ബില്യണ്‍ ഡോളറിന്റെ ഹെല്‍ത്ത് കരാറില്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കരാര്‍ പ്രഖ്യാപിച്ചത്. ഇതോടെ, 200 ബില്യണ്‍ ഡോളര്‍ ഹെല്‍ത്ത്കരാറിന്റെ വിഹിതത്തിനായി ഫെഡറല്‍ സര്‍ക്കാരുമായി കരാറിലെത്തുന്ന അഞ്ചാമത്തെ പ്രവിശ്യയാണ് ഒന്റാരിയോ. ഒന്റാരിയോയിലെ ആരോഗ്യ സംരക്ഷണത്തിനായി പണം നല്‍കുന്നതിന് പ്രൊവിന്‍ഷ്യല്‍-ഫെഡറല്‍ സര്‍ക്കാരുകള്‍ 10 വര്‍ഷത്തെ കരാറിലെത്തിയതിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് പ്രഖ്യാപനം.
കരാര്‍ പ്രകാരം ഒന്റാരിയോ നൂറുകണക്കിന് പുതിയ ഫാമിലി ഫിസിഷ്യന്മാരെയും നഴ്‌സ് പ്രാക്ടീഷണര്‍മാരെയും കൂടാതെ ആയിരക്കണക്കിന് പുതിയ നഴ്‌സുമാരെയും നിയമിക്കും. കൂടാതെ എമര്‍ജന്‍സി റൂമുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ശസ്ത്രക്രിയകള്‍ക്കുള്ള ബാക്ക്‌ലോഗ് ലഘൂകരിക്കാനും ഈ നിക്ഷേപം സഹായിക്കും.