കാനഡയിലെ പാര്‍പ്പിട പ്രതിസന്ധിയും വിലക്കയറ്റവും: പരിഹാരത്തിനായി ഫെഡറല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു 

By: 600002 On: Feb 7, 2024, 9:42 AM

 

 

കുതിച്ചുയരുന്ന ഗ്രോസറി വില സംബന്ധിച്ച് അന്വേഷണം നടത്താന്‍ 5 മില്യണ്‍ ഡോളര്‍ ആന്വല്‍ സ്‌പെന്‍ഡിംഗിനും റെന്റ് അഫോര്‍ഡബിളിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 99 മില്യണ്‍ ഡോളറും ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാനഡയുടെ ഇക്കണോമിക് പ്ലാനിന്റെ ഭാഗമായി പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന പ്രതിസന്ധി പാര്‍പ്പിടങ്ങളുടെ ലഭ്യതക്കുറവാണ്. പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഫ്രീലാന്‍ഡ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. 

നഗരങ്ങളില്‍ വാടക ഉയരുന്നതും ജനങ്ങള്‍ക്ക് വീടുകള്‍ താങ്ങാന്‍ കഴിയാതെ വരുന്നു. കാനഡ ഹൗസിംഗ് ബെനിഫിറ്റിലേക്കുള്ള 99 മില്യണ്‍ ഡോളര്‍ ടോപ്പ് അപ്പ് കനേഡിയന്‍ പൗരന്മാര്‍ക്ക് നേരിട്ട് റെന്റ് സപ്പോര്‍ട്ട് പെയ്‌മെന്റ് നല്‍കിക്കൊണ്ട് കുറഞ്ഞ വരുമാനമുള്ള വാടകക്കാരെ പിന്തുണയ്ക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായുള്ള കാനഡയുടെ കോണ്‍ട്രിബ്യൂഷന്‍സ് പ്രോഗ്രാമിനായി 5 മില്യണ്‍ ഡോളര്‍ ധനസഹായമാണ് നല്‍കുന്നത്. പലചരക്ക് സാധനങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുന്നുണ്ടെന്ന് ഷാംപെയ്ന്‍ പറയുന്നു. ഗ്രോസറി മേഖലയിലെ ദോഷകരമായ ബിസിനസ് രീതികളും വിലക്കയറ്റവും അന്വേഷിക്കാന്‍ ഉപഭോക്തൃ ഗ്രൂപ്പുകളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ രൂപീകരിക്കാന്‍ തുക സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.