കാനഡയിലെത്തി വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം വിടുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കാനഡ വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാനോ മറ്റൊരു രാജ്യത്തേക്ക് കുടിയേറാനോ 15 ശതമാനം കുടിയേറ്റക്കാര്‍ തീരുമാനിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ എത്തി മൂന്ന് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യം വിടുന്ന കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 1982 മുതല്‍ 2017 വരെയുള്ള കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ കാനഡയിലെത്തിയ കുടിയേറ്റക്കാരില്‍ 5.1 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം വിട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തായ്‌വാന്‍, അമേരിക്ക, ഫ്രാന്‍സ്, ഹോങ്കോംഗ്, ലെബനന്‍ എന്നിവടങ്ങളില്‍ ജനിച്ച കുടിയേറ്റക്കാരും നിക്ഷേപ, സംരംഭ വിഭാഗങ്ങളില്‍ കാനഡയില്‍ പ്രവേശനം നേടിയവരും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനോ അല്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനോ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമക്കി. നിക്ഷേപ വിഭാഗത്തിലെ അതിസമ്പന്നരായ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ കാനഡയിലെത്തി 20 വര്‍ഷത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് റിപ്പോര്‍ട്ട്. അവര്‍ കാനഡയില്‍ എത്തുമ്പോള്‍ തന്നെ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.