ഫരീദാബാദ് ജില്ലയിലെ സൂരജ്കുണ്ഡിൽ 37-ാമത് സൂരജ്കുണ്ഡ് അന്താരാഷ്ട്ര കരകൗശലമേള - 2024 രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഉത്സവമാണ് സൂരജ്കുണ്ഡ് മേളയെന്ന് രാഷ്ട്രപതി പറഞ്ഞു. കരകൗശല വിദഗ്ധരെ കലയും കരകൗശല പ്രേമികളുമായി ബന്ധിപ്പിക്കുന്നതിനുള്ള വേദിയും മേള ഒരുക്കുന്നുവെന്ന് അവർ പറഞ്ഞു. മേളയെ കലയുടെ പ്രദർശനമായി വിശേഷിപ്പിച്ച രാഷ്ട്രപതി, ഇതൊരു വ്യാപാര കേന്ദ്രം കൂടിയാണെന്ന് പറഞ്ഞു. മേളയിൽ 20 കോടിയിലധികം രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് കരകൗശല വസ്തുക്കളുടെ വ്യാപാരത്തിന് മികച്ച അവസരമാണെന്നും അവർ പറഞ്ഞു. ആഫ്രിക്കൻ യൂണിയനുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന മേളയുടെ പങ്കാളി രാജ്യമാണ് ടാൻസാനിയയെന്ന് സദസിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടാൻസാനിയ പ്രസിഡൻ്റ് സാമിയ സുലുഹു ഹസനുമായി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും സാംസ്കാരിക വിനിമയത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ സമ്മതിച്ചതായി അവർ പറഞ്ഞു. സാംസ്‌കാരിക പരിപാടികൾക്ക് പുറമെ ടാൻസാനിയയിലെ കലയും കരകൗശലവും കാണാൻ മേള അവസരമൊരുക്കുമെന്ന് അവർ പറഞ്ഞു.സൂരജ്കുണ്ഡ് മേള ഫെബ്രുവരി 18 വരെ തുടരും.