പി പി ചെറിയാൻ, ഡാളസ്.
ലോസ് ഏഞ്ചൽസ് : തെക്കൻ കാലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 'ശ്വാസംമുട്ടലിൻ്റെയും മൂർച്ചയുള്ള ബലപ്രയോഗത്തിൻ്റെയും സംയോജിത ഫലങ്ങളാണ്' മരണകാരണമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഈസ്റ്റ് ലോസ് ഏഞ്ചൽസിലെ ഒരു ബിസിനസ് പാർക്കിംഗ് സ്ഥലത്തായിരുന്നു സംഭവമെന്നു ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രതിനിധികൾ അറിയിച്ചു. മിയ ഗോൺസാലസ് എന്ന് തിരിച്ചറിഞ്ഞ കുട്ടിയെ വാഹനത്തിനുള്ളിൽ ചലനമില്ലാത്ത നിലയിൽ കണ്ടെത്തി. ഉടനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മ, 38 കാരിയായ മരിയ അവലോസിനെയും വാഹനത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് അവളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് കൊലപാതക കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. ശനിയാഴ്ച പുറത്തുവന്ന ലോസ് ഏഞ്ചൽസ് കൗണ്ടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റെ ഹോമിസൈഡ് ബ്യൂറോയെ 323-890-5500 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.