കാനഡയില്‍ നിന്നും മോഷ്ടിച്ച ഇരുന്നൂറിലധികം വാഹനങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാനഡയിലെ വിവിധയിടങ്ങളില്‍ നിന്നും മോഷ്ടിക്കപ്പെട്ടതും മിഡില്‍ ഈസ്റ്റിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായി സജ്ജീകരിച്ചിരുന്നതുമായ 251 വാഹനങ്ങളാണ് തെക്കന്‍ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ജിബ്രാള്‍ട്ടര്‍ കടലിടുക്കിനും സൂയസ് കനാലിനും ഇടയിലുള്ള യൂറോപ്പിലെ ഏറ്റവും തിരക്കേറിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബുകളിലൊന്നായ തുറമുഖത്ത് നിന്നും 18 വ്യത്യസ്ത ചരക്ക് കപ്പലുകളില്‍ എത്തിയ കണ്ടെയ്‌നറുകളില്‍ നിറച്ച നിലയിലാണ് വാഹനങ്ങള്‍ കണ്ടെത്തിയത്. ഈ വാഹനങ്ങളെല്ലാം കാനഡയില്‍ നിന്ന് അടുത്തിടെ മോഷ്ടിക്കപ്പെട്ടതാണെന്ന് ആര്‍സിഎംപി അറിയിച്ചു. എറ്റവും വിലയേറിയ അത്യാഢംബര ബ്രാന്‍ഡുകളില്‍ നിന്നുള്ള വാഹനങ്ങളാണ് ഇവ.
ഈ വാഹനങ്ങള്‍ വ്യാജ രേഖകള്‍ നിര്‍മിച്ചാണ് മോഷണ സംഘം കടത്തിയത്. ആര്‍സിഎംപിയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് ഇറ്റാലിയന്‍ പോലീസ് പറഞ്ഞു.