സര്‍വീസ് ഒന്റാരിയോ സ്‌റ്റേഷന്‍ അടച്ചുപൂട്ടല്‍: മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: Jan 25, 2024, 2:02 PM

 

 

സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം. സ്വകാര്യ ഉടമസ്ഥതയിലുള്‍പ്പെടെ 11 ഓളം സര്‍വീസ് ഒന്റാരിയോ സ്‌റ്റേഷനുകളാണ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. അടച്ചുപൂട്ടല്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുവാനും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മാന്യമായി നിരസിക്കാനും പബ്ലിക് ബിസിനസ് സര്‍വീസ് ഡെലിവറി മിനിസ്ട്രിയില്‍ നിന്നും ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 

സ്വകാര്യ ഓപ്പറേറ്റര്‍മാരുമായി ഫോര്‍ഡ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമാണിതെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യയിലെ സ്വകാര്യമായി പ്രവര്‍ത്തിക്കുന്ന 11 സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകള്‍ അറിയിപ്പൊന്നും കൂടാതെ അടച്ചുപൂട്ടുകയും ഇടപാടിന്റെ ഭാഗമായി സ്റ്റേപ്പിള്‍സ്, വാള്‍മാര്‍ട്ട് ലൊക്കേഷനുകളിലേക്ക് മാറ്റുകയും ചെയ്യുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.