കാനഡയില്‍ ആഡ്-ഫ്രീ പ്ലാന്‍ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് 

By: 600002 On: Jan 25, 2024, 11:27 AM

 


കാനഡയില്‍ നിരക്ക് കുറഞ്ഞ ആഡ്-ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കി പ്രൈസ് പ്ലാനുകളില്‍ നിന്ന് 9.99 ഡോളര്‍ ബേസിക് ഓപ്ഷന്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ്. ഈ വര്‍ഷം രണ്ടാം പാദത്തിലാണ് ആഡ്-ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുക. യുകെയ്‌ക്കൊപ്പം ബേസിക് പ്ലാന്‍ വെട്ടിക്കുറച്ച ലോകത്തിലെ ആദ്യ വിപണികളിലൊന്നാണ് കാനഡ. 

നിലവില്‍ പ്രതിമാസം 9.99 ഡോളറാണ് ബേസിക് പ്ലാന്‍. ഇതാണ് നിര്‍ത്തുന്നത്. കൂടാതെ പ്രതിമാസം 16.49 ഡോളര്‍ എന്ന നിരക്കില്‍ സമാനമായ പരസ്യങ്ങളില്ലാത്ത സ്റ്റാന്‍ഡേര്‍ഡ് പ്ലാനിലേക്ക് മാറാനോ മറ്റൊരു പ്ലാന്‍ തെരഞ്ഞെടുക്കാനോ ഉപഭോക്താക്കളോട് ആവശ്യപ്പെടും. സ്റ്റാന്‍ഡേര്‍ഡ് പ്ലാനിലേക്ക് എക്‌സ്ട്രാ മെമ്പര്‍ സ്ലോട്ടുകള്‍ ചേര്‍ക്കുന്നതിനുള്ള ഓപ്ഷന്‍ പ്രതിമാസം 7.99 ഡോളര്‍ എന്ന നിരക്കില്‍ ലഭ്യമാകും. 

2023 ല്‍ യുഎസ്, കാനഡ, യുകെ എന്നിവയുള്‍പ്പെടെയുള്ള വിപണികളിലെ പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ബേസിക് വാഗ്ദാനം ചെയ്യുന്നത് നിര്‍ത്തുന്നതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി പൂര്‍ണമായും നെറ്റ്ഫ്‌ളിക്‌സ് ബേസിക് നിര്‍ത്തലാക്കുന്നത്. കാനഡയില്‍ നിര്‍ത്തലാക്കുന്നത് എപ്പോഴാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

നിലവില്‍ പ്രതിമാസം 5.99 ഡോളര്‍ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.