ഓപ്പറേറ്റിംഗ് മോഡല്‍ ക്രമീകരിക്കുവാനും കാര്യക്ഷമതയില്ലായ്മ ഇല്ലാതാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി 300 ഓളം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും രണ്ട് വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ ഹോം ഇംപ്രൂവ്‌മെന്റ് റീട്ടെയ്‌ലര്‍ കമ്പനി റോണ ഇന്‍ക്. പ്രധാന കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയാണെന്നും ക്യുബെക്കിലെ ടെറെബോണിലുള്ള ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ മാര്‍ച്ചിലും കാല്‍ഗറിയിലെ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ഒക്ടോബറിലും അടച്ചുപൂട്ടുമെന്ന് കമ്പനി അറിയിച്ചു.
സെന്ററുകള്‍ അടച്ചുപൂട്ടുന്നതും കോര്‍പ്പറേറ്റ് ഘടനയെ കാര്യക്ഷമമാക്കുന്നതും ദേശീയ തലത്തില്‍ 300 ഓളം ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു. ക്യുബെക്കില്‍ 180 പേരെയാണ് പിരിച്ചുവിടുന്നത്. 2022 അവസാനത്തോടെ യുഎസ് റീട്ടെയ്‌ലര്‍ ലോവ്‌സ്, റോണയും കാനഡയിലെ ലോവ്‌സിന്റെ സ്‌റ്റോറുകളും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സൈകാമോര്‍ പാര്‍ട്‌ണേഴ്‌സിന് വിറ്റതിന് പിന്നാലെയാണ് ഈ നീക്കം.