കാലഹരണപ്പെട്ട പാര്‍ക്കിംഗ് ടിക്കറ്റുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ട് ടൊറന്റോ പോലീസെന്ന വ്യാജേന ടെക്സ്റ്റ് മെസേജ് അയച്ച് ഡ്രൈവര്‍മാരില്‍ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ടൊറന്റോ പോലീസ്. പാര്‍ക്കിംഗ് ടിക്കറ്റ് കാലഹരണപ്പെട്ടെന്നും ഉടന്‍ അടച്ചില്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ച് തനിക്ക് ടെക്സ്റ്റ് മെസേജ് ലഭിച്ചതായി ടൊറന്റോയിലെ ജോണ്‍ ബൂക്കര്‍ പറയുന്നു. ടെക്സ്റ്റ് മെസേജിലെ ലിങ്കില്‍ താന്‍ ക്ലിക്ക് ചെയ്‌തെന്നും എന്നാല്‍ തന്റെ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശങ്കയുണ്ടായെന്നും ബൂക്കര്‍ പറഞ്ഞു. സംശയാസ്പദമായ സന്ദേശമായതിനാല്‍ മെസേജ് താന്‍ ഡിലീറ്റ് ആക്കിയെന്ന് ബൂക്കര്‍ പറഞ്ഞു.
ഇത്തരത്തില്‍ നിരവധി മെസേജുകളാണ് തട്ടിപ്പുകാര്‍ അയക്കുന്നത്. മെസേജുകളിലെ ലിങ്ക് തുറക്കുമ്പോള്‍ വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ ചോദിക്കുകയും പണം തട്ടുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പോലീസ് ഒരിക്കലും ഇത്തരത്തില്‍ മെസേജുകള്‍ അയക്കില്ലെന്നും ടൊറന്റോ പോലീസ് വ്യക്തമാക്കി.