അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന പ്രൈവറ്റ് പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഒന്റാരിയോയും ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരും. ഫെഡറല്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ 2024 ല്‍ സ്റ്റുഡന്റ് വിസകളുടെ എണ്ണം സര്‍ക്കാര്‍ 35 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പപ്പി മില്ലുകള്‍ക്ക് തുല്യമായ ഡിപ്ലോമ എന്ന് അദ്ദേഹം വിശേഷിപ്പിച്ച സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്.
ഓരോ പ്രവിശ്യയ്ക്കും പ്രദേശത്തിനും മൊത്തം സ്റ്റുഡന്റ് വിസയുടെ ഒരു ഭാഗം അനുവദിക്കും. ജനസംഖ്യ അനുസരിച്ച് വിതരണം ചെയ്യും. ചില പ്രവിശ്യകളില്‍ പെര്‍മിറ്റുകള്‍ 50 ശതമാനം കുറയ്ക്കും. ബീസിയിലെയും ഒന്റാരിയോയിലെയും സ്വകാര്യ സ്ഥാപനങ്ങള്‍ വ്യാജ ബിരുദങ്ങള്‍ നല്‍കുന്ന മേഖലകളാണെന്ന് മില്ലര്‍ പറഞ്ഞിരുന്നു. പ്രവിശ്യകളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വ്യാജ ബിരുദങ്ങള്‍ നല്‍കി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുകയായിരുന്നു. ഇത് ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകള്‍ നിയന്ത്രണത്തിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബീസി സര്‍ക്കാര്‍ അറിയിച്ചു. ബീസിയില്‍ 250 ലധികം പ്രൈവറ്റ് പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.