കാനഡയില്‍ പാര്‍പ്പിട മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്ന താല്‍ക്കാലിക താമസക്കാരുടെ ദ്രുതഗതിയിലുള്ള വര്‍ധനവിനെ ചെറുക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ വിസ മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പെര്‍മിറ്റുകളുടെ എണ്ണം 35 ശതമാനം കുറയ്ക്കുമെന്നും ഇതോടെ 2024 ല്‍ അംഗീകൃത സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 364,000 ആയി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ലെ പരിധി ഈ വര്‍ഷം അവസാനത്തോടെ തീരുമാനിക്കുമെന്നും മാര്‍ക്ക് മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്പൗസിന്റെ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചു. ബിരുദാനന്തര ബിരുദമോ, പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സ്പൗസിന് മാത്രമായിരിക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകുക. വരുന്ന ആഴ്ചകളില്‍ തന്നെ തീരുമാനം നടപ്പിലാകുമെന്ന് മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷത്തേക്ക് ഈ നിയന്ത്രണം തുടരും. നിലവില്‍ സ്റ്റഡി പെര്‍മിറ്റില്‍ ഉള്ളവര്‍ക്ക് പുതിയ നിയമം ബാധകമാകില്ല.