കാനഡയില്‍ സ്‌ട്രെപ് എ അണുബാധ അതിവേഗത്തില്‍ വ്യാപിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(പിഎച്ച്എസി). അണുബാധയേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചതായി ഏജന്‍സി അറിയിച്ചു. ഒന്റാരിയോയില്‍ മാത്രം ആറ് കുട്ടികളാണ് സ്‌ട്രെപ് എ ബാധിച്ച് മരിച്ചതെന്ന് പിഎച്ച്എസി വ്യക്തമാക്കി. രോഗം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഒക്ടോബര്‍ 1നും ഡിസംബര്‍ 31 നും ഇടയില്‍ 48 പേരെങ്കിലും രോഗം ബാധിച്ച് മരിച്ചതായാണ് കണക്കുകള്‍. ഒരു വയസ്സിന് താഴെയുള്ള നവജാത ശിശുവും രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം ജനുവരി 9 വരെ 4,600 സ്‌ട്രെപ് എ സാമ്പിളുകളാണ് ലഭിച്ചതെന്ന് പിഎച്ച്എസി പറഞ്ഞു. ഇത് കാനഡയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019 നെ അപേക്ഷിച്ച് 40 ശതമാനത്തിലധിക വര്‍ധനയാണ് ഉണ്ടായത്.
18 വയസ്സിന് താഴെയുള്ളവരില്‍ ഇന്‍വെസീവ് ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കല്‍ ഡിസീസ് നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ഇരട്ടിയായി വര്‍ധിച്ചതായും പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്തു.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഒന്റാരിയോ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. iGAS ന്റെ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യോകം പരിഗണിക്കാനും ജാഗ്രത പുലര്‍ത്താനും ആശുപത്രികള്‍ക്കും പീഡിയാട്രിക് ഫിസിഷ്യന്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.