വെസ്റ്റേണ്‍ കാനഡയില്‍ അതിശൈത്യവും വിന്റര്‍ സ്റ്റോമും ശക്തമാകുന്നു. ശനിയാഴ്ച വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത. ആഞ്ഞടിക്കുന്ന കാറ്റ് ചില ഭാഗങ്ങളില്‍ താപനില -40 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ -55 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഡ്മന്റണില്‍ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും തണുപ്പുള്ള ദിവസം രേഖപ്പെടുത്തുമെന്നാണ് പ്രവചനം.
കാല്‍ഗറിയില്‍ -36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. ഇത് ഫ്‌ളൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും കാരണമായി. ഡൗണ്‍ടൗണില്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് സര്‍വീസ് തടസ്സപ്പെട്ടു.
അതിശൈത്യം മെട്രോ വാന്‍കുവറിനെയും ബാധിച്ചു. വ്യാഴാഴ്ച രാവിലെ റോഡുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മഞ്ഞ് മൂടി. റോഡുകളില്‍ മഞ്ഞുമൂടിയതിനാല്‍ അപകടങ്ങളും പതിവായി. കൊടും തണുപ്പ് എല്ലാവരെയും അപകടത്തിലാക്കുമെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍, പാര്‍പ്പിടമില്ലാത്തവര്‍ എന്നിവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.