ചെക്കൗട്ടില്‍ തെറ്റായി സ്‌കാന്‍ ചെയ്താല്‍ ചില ഗ്രോസറി ഇനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചേക്കാം 

By: 600002 On: Jan 12, 2024, 1:36 PM

 

 

ഗ്രോസറി ഷോപ്പിലെ ചെക്ക്ഔട്ടില്‍ വില തെറ്റായി സ്‌കാന്‍ ചെയ്താല്‍ ചില ഇനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചേക്കാം. 2002 ല്‍ റീട്ടെയ്ല്‍ കൗണ്‍സില്‍ ഓഫ് കാനഡയുടെ(RCC)  മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെയാണ് സ്‌കാനര്‍ പ്രൈസ് ആക്യുറസി കോഡ് അവതരിപ്പിക്കപ്പെട്ടത്. സ്റ്റോറുകള്‍ ബാര്‍ കോഡുകളും സ്‌കാനറുകളും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ചില ഇനങ്ങളുടെ വില തെറ്റായി നിര്‍ണയിക്കപ്പെടുമെന്ന് ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഭൂരിഭാഗം സ്റ്റോറുകളും വ്യക്തിഗത ഇനങ്ങളുടെ വില നിര്‍ണയം നിര്‍ത്തി. പകരം ഷെല്‍ഫ് പ്രൈസിംഗും ബാര്‍ കോഡുകളും ഉപയോഗിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഉല്‍പ്പന്നത്തിന് വില സൂചിപ്പിക്കുന്നതിന് പിഴവുകള്‍ ഉണ്ടായാല്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രോസറി കടകളും ഫാര്‍മസികളും ഉള്‍പ്പെടെ കാനഡയിലെ മിക്ക പ്രമുഖ റീട്ടെയ്‌ലര്‍മാരും ഇത് പിന്തുടരുന്നുണ്ട്. 

സ്‌കാനര്‍ പ്രൈസ് ആക്യുറസി കോഡ് അനുസരിച്ച്,  10 ഡോളറില്‍ കുറവുള്ള ഒരു ഉല്‍പ്പന്നം തെറ്റായി സ്‌കാന്‍ ചെയ്താല്‍ ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. പത്ത് ഡോളറില്‍ കൂടുതലുള്ള ഒരു ഉല്‍പ്പന്നം തെറ്റായി സ്‌കാന്‍ ചെയ്താല്‍ ഉല്‍പ്പന്നത്തിന്റെ വിലയില്‍ 10 ഡോളര്‍ കിഴിവ് ലഭിക്കും. നോണ്‍-പ്രൈസ്ഡ്, ടിക്കറ്റഡ് ഐറ്റത്തിന് മാത്രമാണ് കോഡ് ബാധകമാകൂ. മറ്റ് നിയന്ത്രണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഉപഭോക്താവ് പര്‍ച്ചേസ് ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ വില പൊരുത്തപ്പെടുന്നില്ലെങ്കില്‍ സൗജന്യമായി ഉല്‍പ്പന്നം ലഭിക്കാനായി റീട്ടെയ്‌ലറോട് ആവശ്യപ്പെടാം.