ഭവന മേഖലയെ കുടിയേറ്റം സാരമായി ബാധിക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് ഫെഡറല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍  

By: 600002 On: Jan 12, 2024, 12:12 PM

 

 

കാനഡയിലെ കുടിയേറ്റത്തിലുണ്ടാകുന്ന കുത്തനെയുള്ള വര്‍ധനവ് താങ്ങാനാകുന്ന ഭവന വിലയെയും രാജ്യത്തെ സേവനങ്ങളെയും ബാധിക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് ഫെഡറല്‍ പബ്ലിക് സര്‍വീസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്റേണല്‍ ഡോക്യുമെന്റ്‌സിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മുതല്‍ 2025 വരെയുള്ള ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ ആക്‌സസ്-ടു-ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെ കനേഡിയന്‍ മാധ്യമത്തിന് ലഭിച്ച ഇന്റേണല്‍ ഡോക്യുമെന്റില്‍ കുടിയേറ്റം സമ്പദ്‌വ്യവസ്ഥയിലും പാര്‍പ്പിട മേഖലയിലും സേവനങ്ങളിലും ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുന്നു. ജനസംഖ്യാ വര്‍ധനയുടെ വേഗതയ്ക്ക് അനുസൃതമായി ഭവന നിര്‍മാണം നടന്നില്ലെന്ന് 2022 ല്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഡോക്യുമെന്റില്‍ പറയുന്നു. 

കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് പ്രധാന കാരണം കുടിയേറ്റമാണ്. 2025 ല്‍ 500,000 സ്ഥിരതാമസക്കാരെ സ്വീകരിക്കാനാണ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2015 ല്‍ സ്വാഗതം ചെയ്തതിന്റെ ഇരട്ടി ആളുകളെയാണ് കാനഡ 2025 ല്‍ സ്വീകരിക്കാന്‍ പോകുന്നത്. കുത്തനെ ഉണ്ടാകുന്ന ജനസംഖ്യാ വളര്‍ച്ച ഭവന നിര്‍മാണത്തിലും സേവനങ്ങളിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും സംബന്ധിച്ച് ഫെഡറല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമായിരുന്നുവെന്ന് രേഖയില്‍ വെളിപ്പെടുത്തുന്നു.