ചില സര്‍വീസ് ഒന്റാരിയോ ലൊക്കേഷനുകള്‍ അടച്ചുപൂട്ടാന്‍ പദ്ധതിയിട്ട് ഫോര്‍ഡ് ഗവണ്‍മെന്റ് 

By: 600002 On: Jan 11, 2024, 11:32 AM

 

 

 

ഫോര്‍ഡ് സര്‍ക്കാര്‍ ഒന്റാരിയോയിലെ ചില സര്‍വീസ് ലൊക്കേഷനുകള്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകളും ഹെല്‍ത്ത് കാര്‍ഡുകളും പുതുക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന സേവന കേന്ദ്രമാണ് സര്‍വീസ് ഒന്റാരിയോ. ഇവ കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ച ഒരു പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ചില സ്റ്റാപ്പിള്‍സ് കാനഡ സ്റ്റോറുകള്‍ക്കുള്ളില്‍ കിയോസ്‌കുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലക്ക് എത്തിക്കുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനാണ് ഇത്തരത്തില്‍ കിയോസ്‌കുകളിലേക്ക് സര്‍വീസ് ഒന്റാരിയോ ലൊക്കേഷനുകള്‍ മാറ്റിസ്ഥാപിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അടച്ചുപൂട്ടുന്ന എല്ലാ സര്‍വീസ് ഒന്റാരിയോ ലൊക്കേഷനുകള്‍ക്കുമായി ഒരു കിയോസ്‌ക് തുറക്കുമോ അതോ ഈ പൈലറ്റ് പ്രൊജക്ട് കൂടുതല്‍ സര്‍വീസ് ഒന്റാരിയോ സെന്ററുകളുടെ അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അടച്ചുപൂട്ടുന്ന ലൊക്കേഷനുകളിലെ ജീവനക്കാര്‍ക്ക് പുതിയ സ്റ്റാപ്പിള്‍സ് കാനഡ കിയോസ്‌കുകളിലെ ജോലിയില്‍ മുഖ്യ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.