വാം-അപ്പ് ഓട്ടോ തെഫ്റ്റ് വര്‍ധിക്കുന്നു; തടയാന്‍ 'ഓപ്പറേഷന്‍ കോള്‍ഡ് സ്റ്റാര്‍ട്ട്' പദ്ധതിയുമായി കാല്‍ഗറി പോലീസ് 

By: 600002 On: Jan 10, 2024, 12:05 PM

 


കാല്‍ഗറിയില്‍ വാം-അപ്പ് ഓട്ടോ തെഫ്റ്റ് വര്‍ധിക്കുകയാണെന്നും ഇത് നേരിടാന്‍ ഓപ്പറേഷന്‍ കോള്‍ഡ് സ്റ്റാര്‍ട്ട് കാംപെയ്ന്‍ ആരംഭിച്ചതായും കാല്‍ഗറി പോലീസ് സര്‍വീസ് അറിയിച്ചു. മറ്റ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ചേര്‍ന്നാണ് കാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. തണുപ്പ് കാലത്ത് വാഹനമോടിക്കുന്നതിന് മുമ്പ് വാഹത്തിനകം ചൂടാക്കുന്നതിനായി സ്റ്റാര്‍ട്ട് ചെയ്തിടുക പതിവാണ്. ഈ സമയം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വാഹന മോഷണം നടത്തുന്നത്. ഡെലിവറി വാഹനങ്ങള്‍ ഉള്‍പ്പെടെ പിക്കപ്പ് ട്രക്കുകളും നഗരത്തില്‍ ഇത്തരത്തില്‍ സാധാരണയായി മോഷണം പോകുന്ന വാഹനങ്ങളാണെന്ന് പോലീസ് പറയുന്നു. 

ശൈത്യകാലത്തെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് കാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്നും 2023 ഒക്ടോബര്‍ 26 മുതല്‍ 2024 ജനുവരി 4 വരെ റണ്ണിംഗിലുള്ള വാഹനങ്ങള്‍ മോഷണം പോയ 114 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

വാഹനങ്ങള്‍ക്കകം ചൂടാക്കാനായി സ്റ്റാര്‍ട്ട് ചെയ്തിടാന്‍ റിമോട്ട് സ്റ്റാര്‍ട്ടര്‍ ഉപയോഗിക്കാന്‍ പോലീസ് ഓര്‍മിപ്പിക്കുന്നു. അല്ലെങ്കില്‍ വാഹനത്തിനടുത്ത് തന്നെ നില്‍ക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പോകരുതെന്നും   വാഹനത്തിനുള്ളില്‍ ഒരു സ്റ്റിയറിംഗ് വീല്‍ ലോക്ക് ഉപയോഗിക്കാനും പോലീസ് നിര്‍ദ്ദേശിക്കുന്നു. വാഹനം എപ്പോഴും ലോക്ക് ചെയ്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.