കാനഡയില്‍ ഉപരിപഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 41 ശതമാനം കുറവ്: റിപ്പോര്‍ട്ട് 

By: 600002 On: Jan 9, 2024, 10:14 AM

 

 

കാനഡയിലേക്ക് പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 41 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന ജീവിതച്ചെലവും മത്സരാധിഷ്ഠിതവും കഠിനവുമായ തൊഴില്‍ വിപണിയും വിദ്യാര്‍ത്ഥികളുടെ വരവിനെ തടസ്സപ്പെടുത്തുന്നതായി ഒന്റാരിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷണല്‍ റീച്ച് കമ്പനിയായ അപ്ലൈബോര്‍ഡ്(ApplyBoard)  ചൂണ്ടിക്കാണിക്കുന്നു. 2023 അവസാന പകുതിയില്‍ കാനഡയില്‍ വിദ്യഭ്യാസത്തിനായുള്ള താല്‍പ്പര്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടെത്തി. 

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ(IRCC) ഡാറ്റ ഉപയോഗപ്പെടുത്തി നടത്തിയ വിശകലനത്തില്‍ 2022 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് ഏകദേശം 146,000 പുതിയ സ്റ്റുഡന്റ് പെര്‍മിറ്റ് ആപ്ലിക്കേഷനുകളാണ് പ്രോസസ് ചെയ്തതെന്ന് പറയുന്നു. 2023 ഇതേകാലയളവില്‍ 41 ശതമാനം കുറഞ്ഞ് 87,000 ല്‍ താഴെ അപേക്ഷകളാണ് പ്രോസസ് ചെയ്തത്. 2023 ആഗസ്റ്റിനും ഒക്ടോബറിനുമിടയിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. 2022 ലെ ഇതേ സമയത്തെ അപേക്ഷിച്ച് അപേക്ഷകളില്‍ 47 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസവും ഒപ്പം നല്ല ജോലിയും കുടിയേറ്റ സാധ്യതയുമാണ് കാനഡ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സമീപകാലത്തായി ഉയര്‍ന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ക്ക് തടയിട്ടു. കൂടാതെ കാനഡയിലെ മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന തൊഴിലവസരങ്ങളുടെ അഭാവം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ പിറകോട്ടടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ പാര്‍പ്പിട പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വര്‍ധിച്ചു. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയെക്കുറിച്ചുള്ള ധാരണകളെയെല്ലാം മാറ്റിമറിച്ചതായും അപ്ലൈബോര്‍ഡ് പറയുന്നു.