മ്യാൻമറിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പോരാളികളല്ലാത്തവരെ സംരക്ഷിക്കാനും മാനുഷിക സഹായത്തിലേക്കുള്ള തുറന്ന പ്രവേശനത്തിനും സെക്രട്ടറി ജനറൽ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു. യുഎൻ കണക്കുകൾ പ്രകാരം, യുദ്ധത്തിൽ പലായനം ചെയ്തവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലെത്തി.അതേസമയം, ഷാൻ, കയാ, റാഖൈൻ സംസ്ഥാനങ്ങളിലെ സൈന്യം സായുധ വിമതരിൽ നിന്ന് കനത്ത ആക്രമണം നേരിടുന്നുണ്ടെന്ന് രാജ്യത്തിൻ്റെ സൈനിക ഭരണാധികാരി 'ജുണ്ട' വക്താവ് സോ മിൻ ടൺ പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാരോടും സൈനിക പരിചയമുള്ളവരോടും അടിയന്തര സാഹചര്യത്തിൽ സേവനത്തിന് തയ്യാറാവാനും ജുണ്ട ഉത്തരവിട്ടിട്ടുണ്ട്. ഷാൻ സ്റ്റേറ്റിലെ സൈന്യത്തിൻ്റെ തിരിച്ചടി മുതലെടുക്കാൻ വോളണ്ടിയർ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (PDF) ആക്രമണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മറ്റൊരു വലിയ വംശീയ ശക്തിയായ കാരെൻ നാഷണൽ യൂണിയൻ തെക്ക്-കിഴക്കൻ മ്യാൻമറിലെ തായ് അതിർത്തിയിലേക്കുള്ള സുപ്രധാന വ്യാപാര പാതയിലെ സൈനിക സ്ഥാനങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.