ആല്‍ബെര്‍ട്ടയില്‍ ഹോളോകോസ്റ്റ് ചരിത്ര വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ 

By: 600002 On: Nov 13, 2023, 12:13 PM

 


ഹോളോകോസ്റ്റ് ചരിത്ര വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഹോളോകോസ്റ്റിന്റെ ഏത് ഉള്ളടക്കമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരായും ജൂത സമൂഹങ്ങളിലെ പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാല്‍ഗറി ജൂയിഷ് ഫെഡറേഷന്‍, എഡ്മന്റണ്‍ ജൂയിഷ് ഫെഡറേഷന്‍, മറ്റ് ജൂത സംഘടനകള്‍ എന്നിവയുമായി ആശയവിനിമയം നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

രാജ്യത്ത് വര്‍ധിച്ചുവരുന്ന ജൂത വിരുദ്ധതയെ ചെറുക്കുന്നതിനും ഹോളോകോസ്റ്റിന്റെ ഭീകരതയെക്കുറിച്ച് പ്രവിശ്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായാണ് ഹോളോക്‌സറ്റ് ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമെട്രിയോസ് നിക്കോളൈഡ്‌സ് വ്യക്തമാക്കി. 

ഗ്രേഡ് 10 ലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പാഠ്യപദ്ധതിയില്‍ ഹോളോകോസ്റ്റ് ചരിത്ര വിദ്യാഭ്യാസം ഉള്‍പ്പെടുത്തുമെന്ന് ബീസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആല്‍ബെര്‍ട്ടയും തീരുമാനം അറിയിച്ചിരിക്കുന്നത്.