ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കാനഡയോട് സഹകരിക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍. നവംബര്‍ 9,10 തീയതികളിലായി നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയിലാണ് ബ്ലിങ്കണ്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. കാനഡയും ഇന്ത്യയും അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. ഇരുരാജ്യങ്ങളുടെയും സുഹൃത്ത് എന്ന നിലയില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് കാണാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് ബ്ലിങ്കനെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.