താങ്ക്‌സ് ഗിവിംഗ് ഡേയില്‍ കാസിനോ സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരനായി തിരച്ചില്‍ ഊര്‍ജിതമാക്കി ഡര്‍ഹാം റീജിയണല്‍ പോലീസ് സര്‍വീസ്. പ്രതി ടൈജേ നോസ്‌വര്‍ത്തി സ്മിത്ത് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി കാനഡയിലുടനീളം അറസ്റ്റ്
വാറണ്ട് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 9 ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ഹൈവേ 401 നും ബ്രോക്ക് റോഡിനും സമീപമുള്ള പിക്കറിംഗ് കാസിനോ റിസോര്‍ട്ടിലെ സെക്യൂരിറ്റി ഗാര്‍ഡ് വിറ്റ്ബി സ്വദേശി മൈക്കല്‍ ഫെര്‍ഡിനാന്‍ഡ്(34) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗുരുതരമായി പരുക്കേറ്റ ഫെര്‍ഡിനാന്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകം നടത്തിയ പ്രതിയെ പിടികൂടാന്‍ പോലീസ് ജുഡീഷ്യല്‍ അനുമതി നേടിയിട്ടുണ്ടെങ്കിലും ഇത് നവംബര്‍ 11 ന് അവസാനിക്കും. നോസ്‌വര്‍ത്തി-സ്മിത്ത് കറുത്ത വര്‍ഗക്കാരനാണ്. ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പ്രതിയുടെ ഇടത് കൈമുട്ടില്‍ ചാന്‍ടെല്ല എന്ന് പച്ചകുത്തിയിട്ടുണ്ട്.
സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത പ്രതി സായുധനും അപകടകാരിയുമാണെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രതിയെ കണ്ടാല്‍ ഉടന്‍ 911 ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും ആരും സമീപിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.