കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ബ്രിട്ടീഷ് കൊളംബിയ സ്വദേശിനി ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഓള്‍-ഫീമെയില്‍ ബറ്റാലിയന്റെ ഭാഗമായിരുന്നുവെന്ന് ആര്‍സിഎംപി ആരോപിക്കുന്നു. കിംബര്‍ലി പോള്‍മാന്‍ എന്ന യുവതി സ്ത്രീകള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന ഐഎസിന്റെ ശാഖയായ Katibah Nusaybah യില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ആര്‍സിഎംപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോള്‍മാനെ ഐഎസിന്റെ മെഡിക്കല്‍ യൂണിറ്റിലേക്ക് നിയമിക്കുന്നതിന് മുമ്പ് കായികമായും ആയുധങ്ങള്‍ ഉപയോഗിച്ചും പോരാടാന്‍ പരിശീലിപ്പിച്ചിരുന്നുവെന്ന് ആര്‍സിഎംപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസിനായി ആയുധങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സഹായിച്ചു. സീക്രട്ട് പോലീസിന്റെ ഇന്‍ഫോമറായിരുന്നു പോള്‍മാന്‍. ഗ്രൂപ്പിലെ രണ്ട് അംഗങ്ങളെ വിവാഹം കഴിച്ച പോള്‍മാന്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഐഎസിന്റെ 'സെക്‌സി സീനിയേഴ്‌സ്' വിഭാഗത്തില്‍പ്പെട്ടതാണ് 51 വയസ്സുള്ള പോള്‍മാന്‍. കുട്ടികളോ മറ്റ് ബന്ധങ്ങളോ ഇല്ലാത്ത ഐഎസിന് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത പ്രായമായ സ്ത്രീകളുടെ ഗ്രൂപ്പിനെയാണ് സെക്‌സി സീനിയേഴ്‌സ് എന്ന് വിളിക്കുന്നത്. ഇവര്‍ ഐഎസിനായി നിരവധി ജോലികളാണ് ചെയ്യുന്നത്.
പോള്‍മാനുമായി സംബന്ധിച്ച് നടത്തിയ പ്രോജക്ട് സ്റ്റിലെറ്റോ എന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബീസി പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഒക്ടോബര്‍ 27 ന് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് സിറിയയിലെ പ്രിസണ്‍ ക്യാമ്പില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുത്തി പോള്‍മാനെ എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച കോടതി പീസ് ബോണ്ടിന് ഉത്തരവിട്ടു. എട്ട് മാസത്തേക്ക് പൊതുസുരക്ഷയുടെ പേരില്‍ പോള്‍മാന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തു. എന്നാല്‍ പോള്‍മാനെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.