ക്യുബെക്കില്‍ 65,000 ത്തോളം അധ്യാപകര്‍ നവംബര്‍ 23 മുതല്‍ അനിശ്ചിതകാല പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും വേഗത്തില്‍ നടപടിയെടുക്കുന്നതിനുമായി പണിമുടക്ക് പ്രഖ്യാപിച്ച തീയതിക്ക് മുമ്പായി സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ലാ ഫെഡറേഷന്‍ ഓട്ടോണം ഡി എല്‍' സെന്‍സൈന്‍മെന്റ്(എഫ്എഇ) അറിയിച്ചു. മോണ്‍ട്രിയല്‍, ക്യാപിറ്റേല്‍-നാഷണല്‍, ലാവല്‍, ഔട്ടൗയിസ്, ലോറന്‍ഷ്യന്‍സ്, ഈസ്‌റ്റേണ്‍ ടൗണ്‍ഷിപ്പുകള്‍, മോണ്ടറെജി മേഖല തുടങ്ങിയിടങ്ങളിലെ 65,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര ഗ്രൂപ്പാണ് എഫ്എഇ. ക്യുബെക്ക് സര്‍ക്കാര്‍ നല്‍കിയ പുതിയ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനമായത്.
ട്രഷറി ബോര്‍ഡ് പ്രസിഡന്റ് സോണിയ ലെബെല്‍ കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ച ഓഫര്‍ അപര്യാപ്തമാണെന്ന് യൂണിയന്‍ പറയുന്നു. അതിനാല്‍ സ്വീകാര്യമായ ഓഫര്‍ ലഭിക്കുന്നത് വരെ പണിമുടക്കുമെന്ന് എഫ്എഇ പ്രസിഡന്റ് മെലാനി ഹ്യുബെര്‍ട്ട് പറഞ്ഞു. പണിമുടക്ക് പ്രഖ്യാപനം അധ്യാപകര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ് സന്ദേശമാണ്, കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഹ്യുബെര്‍ട്ട് ഫ്രഞ്ച് ഭാഷയില്‍ എഴുതിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പണിമുടക്ക് രക്ഷിതാക്കളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം തങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ പ്രതിസന്ധി തരണം ചെയ്യാതെ മുന്നോട്ട് പോകാന്‍ അധ്യാപകര്‍ക്ക് കഴിയില്ലെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.