ഈ വർഷം നവംബർ 10 നും 2024 മെയ് 10 നും ഇടയിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസയില്ലാതെ തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. സെപ്റ്റംബറിൽ ചൈനീസ് വിനോദസഞ്ചാരികളുടെ വിസ നിബന്ധനകൾ തായ്‌ലൻഡ് ഒഴിവാക്കിയിരുന്നു. ഈ വർഷം മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം തായ്‌ലൻഡിലേക്ക് 1.2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്. കൂടുതൽ എയർലൈനുകളും ഹോസ്പിറ്റാലിറ്റി ശൃംഖലകളും തായ്‌ലൻഡ് ടൂറിസം ലക്ഷ്യം വച്ചതോടെ ഇന്ത്യയിൽ നിന്നുള്ള ഇൻബൗണ്ട് ടൂറിസത്തിൽ വൻ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.