ഒന്റാരിയോയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനയ്ക്കായുള്ള പ്രായം വെട്ടിക്കുറച്ചു 

By: 600002 On: Oct 31, 2023, 9:02 AM

 


ഒന്റാരിയോയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ക്കുള്ള പ്രായം 50 ല്‍ നിന്നും 40 ആയി കുറച്ചതായി ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് അറിയിച്ചു. പ്രായം കുറയ്ക്കുന്നതിലൂടെ  നേരത്തെയുള്ള രോഗനിര്‍ണ്ണയം സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും പ്രവിശ്യയില്‍ ഓരോ വര്‍ഷവും 130,000 മാമോഗ്രാമുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ആദ്യം യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സിന്റെ കരട് ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. കുറഞ്ഞ പ്രായത്തില്‍ രോഗനിര്‍ണയം നടത്തുന്നത് മരണങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്. 

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ അടുത്ത വര്‍ഷം അവസാനത്തോടെ 40 നും 70 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, നോണ്‍-ബൈനറി, ട്രാന്‍സ്, ടു-സ്പിരിറ്റ് എന്നിവര്‍ക്ക് ഓരോ രണ്ട് വര്‍ഷത്തിലും മാമോഗ്രാമിനായി സ്വയം റഫര്‍ ചെയ്യാം. പാരമ്പര്യമായി സ്തനാര്‍ബുദമുള്ളവര്‍ക്കും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ജീനുകള്‍ വഹിക്കുന്നവര്‍ക്കും(30 നും 69 നും ഇടയില്‍ പ്രായമുള്ള) പതിവായി മാമോഗ്രാമും MRI കളും ലഭ്യമാകും. 

സ്തനാര്‍ബുദ സ്‌ക്രീനിംഗിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനായുള്ള സൈറ്റുകളില്‍ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.