കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവുകള്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കാനഡയുടെ പ്രധാനമന്ത്രിക്കാര്‍ക്ക് ആര്‍സിഎംപി ഒരുക്കുന്ന സുരക്ഷ മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ചെലവ് കൂടുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും സംരക്ഷിക്കാന്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും 30 മില്യണ്‍ ഡോളറിലധികം ചെലവായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2003-04 ല്‍ പ്രധാനമന്ത്രി ജീന്‍ ക്രെറ്റിയനെയും അദ്ദേഹത്തിന്റെ പിന്‍ഗാമി പോള്‍ മാര്‍ട്ടിനെയും സംരക്ഷിക്കാന്‍ 10.4 മില്യണ്‍ ഡോളര്‍ മാത്രമാണ് ചെലവായത്.
ആഭ്യന്തര, അന്താരാഷ്ട്ര അപകടസാധ്യതകള്‍, യാത്ര ചെയ്യുന്നവരുടെ എണ്ണം, പ്രവര്‍ത്തന നിലവാരം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍, രാഷ്ട്രീയ സ്വാധീനം, സാങ്കേതിക സാധ്യതകള്‍, യാത്രാച്ചെലവ് തുടങ്ങി സാമ്പത്തികമായി നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നതായി പറയുന്നു. പ്രധാനമന്ത്രിയുടെ മറ്റ് രാജ്യങ്ങളിലെ താമസസൗകര്യങ്ങളും ഇന്ധന ചെലവും ഇതില്‍ ഉള്‍പ്പെടുന്നു.
കോവിഡിന് മുമ്പ് കുറഞ്ഞ ചെലവ് വീണ്ടും കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഉയര്‍ന്നു. 2019-20 ല്‍ 23.3 മില്യണ്‍ ഡോളറായിരുന്നു ചെലവ്. 2021-22 ല്‍ ഇത് 30.9 മില്യണ്‍ ഡോളറായി ഉയര്‍ന്നു. അതായത്, രണ്ട് വര്‍ഷത്തിനുള്ളില്‍ 32.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.